നീല വെളിച്ചം പിന്നെ ഭാർഗ്ഗവീനിലയവും

പണ്ടൊരിക്കൽ ബേപ്പൂർ സുൽത്താന്‌ കുറച്ചുകാലം ആളൊഴിഞ്ഞ ഒരു വീട്ടിൽ താമസിക്കേണ്ടി വന്നു. പ്രേത ബാധയുണ്ടെന്ന വിശ്വാസത്തിൽ ആരും താമസിക്കാതെ ഒഴിഞ്ഞു കിടന്നിരുന്ന വീട്ടിൽ അദ്ദേഹം ചെന്നു പെട്ടു. അറിഞ്ഞുകൊണ്ടല്ല വാടക കുറഞ്ഞ ഒരു വീടന്വേഷിച്ചു ചെന്നെത്തിയതാണ്‌. അവിടെ നിന്നുണ്ടായ അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം എഴുതിയ ചെറുകഥയാണ്‌ നീല വെളിച്ചം.
വിശാലമായ പറമ്പിനകത്ത് ഒറ്റപ്പെട്ടു നില്കുന്ന വലിയ മാളികവീട് കഥയെഴുതാൻ പറ്റിയ പരിസരം പാർത്തു നടക്കുകയായിരുന്ന മൂപ്പർക്ക് പരിസരം നന്നേ ബോധിച്ചു. മുൻകൂർ വാടകയും കൊടുത്തു പൊടിയും മാറാലയും കേറി കിടന്നിരുന്ന വീട് അടിച്ചു തളിച്ച് വൃത്തിയാക്കി ഉള്ള വസ്തു വകകളും കൊണ്ട് കയറിക്കൂടിയപ്പോഴേക്കും നേരം ഇരുട്ടി. ഭക്ഷണമെന്തെങ്കിലും കഴിക്കാ മെന്നു കരുതി കുറച്ചകലെയുള്ള ചായക്കടയിൽ ചെന്നു. കഥാകാരനാണെന്നും കുറച്ചുനാൾ ഇവിടെയൊക്കെ ഉണ്ടാകുമെന്നും പരിചയപ്പെടുത്തി കടക്കാരനു സന്തോഷം. ആളൊഴിഞ്ഞു കിടന്നിരുന്ന മാളികവീട്ടിലാണു താമസം എന്നു കേട്ടപ്പോൾ അയാൾക്കു ഞെട്ടൽ. അതൊരു പ്രേത ബാധയുള്ള കെട്ടിടമാനെന്നു അവിടെയൊരു സുന്ദരി ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അവിടെ താമസിക്കുന്നവരെയൊക്കെ അവൾ ഉപദ്രവിക്കുമെന്നും കടക്കാരൻ അദ്ദേഹത്തെ ധരിപ്പിച്ചു. സാമന്യം തരക്കേടില്ലാത്ത പേടി തോന്നിയെങ്കിലും വാക മുൻകൂർ കൊടുത്ത സ്ഥിതിക്ക് അങ്ങനെയങ്ങ് ഒഴിഞ്ഞു പോകാൻ അദ്ദേഹം കൂട്ടാക്കിയില്ല ഒന്നു പരീക്ഷിക്കുകതന്നെ എന്നുതന്നെ തീരുമാനിച്ചു അങ്ങനെ അദ്ദേഹം കൂരിരുട്ടിൽ വീട്ടിൽ ചെന്നു കയറി . പ്രേതമാണെങ്കിലും പെണ്ണാണല്ലോ പോരാത്തതിനു സുന്ദരിയും യുവതിയും അദ്ദേഹമാണെങ്കിൽ അവിവാഹിതനും മണിയടിയുടെ മാർഗ്ഗം സ്വീകരിക്കുകതന്നെ എന്നു നിശ്ചയിച്ചുറപ്പിച്ച് അദ്ദേഹം ഒരു കൂട്ടുകാരിയെയെന്ന വണ്ണം സ്നേഹപൂർവ്വം വിളിച്ച് അവളോടു സംസാരിക്കാൻ തുടങ്ങി നിവൃത്തികേടൊക്കെ അവളോടു ദയനീയമായി വിവരിച്ചു കത്തിച്ചു വെക്കുന്ന വിളക്ക് എന്റെതും നിന്റേതും കൂടിയാണെന്ന് പറയുകയും ചെയ്തു. പേടിയോടെയാണെങ്കിലും അദ്ദേഹം ഒരു ദുസ്സ്വപ്നം പോലും കാണാതെ സുഖമായി ഉറങ്ങി പിറ്റേന്ന് സുഖമായി ഉണരുകയും ചെയ്തു. രാവിലെ ചായകുടിക്കാൻ ചെന്നപ്പോൾ കടക്കാരന്‌‌‌ വലിയ അത്ഭുതം. അങ്ങനെ അദ്ദേഹമവിടെ താമസമാക്കി. പറയത്തക്ക വിശേഷങ്ങളൊന്നു മില്ലാതെ ദിവസങ്ങൾ കടന്നു പോയി. ഒരു ദിവസം രാത്രി നല്ല ഇടിയും മഴയും. വിളക്കിലെ എണ്ണ തീരാറായി. അടുത്ത കടയിൽ പോയി. കടയോടടുത്ത മുറികളിൽ താമസിക്കുന്ന ചെറുപ്പക്കാരോടാരോടെങ്കിലും അല്പം മണ്ണെണ്ണ കടം വാങ്ങിവരാമെന്ന് കരുതി അദ്ദേഹം വീടു വിട്ടിറങ്ങി. കടയിലെത്തിയപ്പോൾ ചെറുപ്പക്കാർ ഇരുന്ന് ചീട്ടുകളിക്കുന്നു. കളിയും കണ്ട് മഴതോരും വരെ കാത്ത് മണ്ണെണ്ണയുമായി ചെന്നു കയറുമ്പോൾ ദൂരെനിന്നദ്ദേഹം കണ്ടു മുറിയാകെ അഭൗമമായ നീല വെളിച്ചത്തിൽ കുളിച്ചു നില്കുന്നു. അല്പ നേരം മാത്രം പിന്നെ ഇരുട്ട്. അദ്ദേഹം വിളക്കു കത്തിക്കാൻ നോക്കുമ്പോൾ വിളക്ക് എണ്ണതീർന്ന് കരിം തിരികത്തി കെട്ടു പോയിരുന്നു. താൻ കയറിവരുമ്പോൾ മുറിയിൽ നിറഞ്ഞു നിന്നിരുന്ന ആ വേളിച്ചം അതദ്ദേഹത്തെ അത്ഭുതപ്പെടുത്തി.. ഈ അനുഭവമാണ്‌‌ നീല വെളിച്ചമെന്ന പേരിൽ എഴുതപ്പെട്ട ചെറുകഥ.

പിന്നീട് ഇതിനെ അദ്ദേഹം ഭാർഗ്ഗവീനിലയം എന്ന പേരിൽ സിനിമക്കായി വികസിപ്പിച്ചപ്പോൾ അത്, പരസ്പരം ജീവൻ മറന്നു സ്നേഹിച്ച രണ്ടു യുവ മിഥുനങ്ങളുടെ തീവ്ര പ്രണയത്തിന്റെ, അവിവാഹിതനായ ഒരു എഴുത്തുകാരന്റെ ഏകാന്തതയുടെ, ആശിച്ച പെണ്ണിനെ സ്വന്തമാക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ഒരു ദുഷ്ടന്റെ ക്രൂരതയുടെ, തന്നോടും തന്റെ കാമുകനോടും ചെയ്ത പാതകത്തിനു മരണ ശേഷവും പ്രതികാരം ചെയ്ത പെണ്ണിന്റെ, ആത്മഹത്യ എന്ന് ധരിപ്പിക്കപ്പെട്ട കൊലപാതകത്തിന്റെ, ആ കുറ്റം അന്വേഷിച്ച ഒരു എഴുത്തുകാരന്റെ ഒക്കെ കഥയായി. മലയാളം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ചേറ്റവും മെച്ചപ്പെട്ട ഹൊറൊർ മൂവി എന്നഖ്യാതി ഇന്നും നില നിർത്തുന്നു. തന്റെ കഥക്ക് തിരക്കഥയും സംഭാഷണവും അദ്ദേഹം തന്നെ എഴുതി. വിൻസെന്റ് സംവിധാനം ചെയ്തു. ഛായാഗ്രഹണം നിർവ്വഹിച്ചത് ഭാസ്കർ റാവു. കഥകൃത്തായി മധുവും അദ്ദേഹത്തിന്റെ കൂടെ കഴിയുന്ന പരിക്കണ്ണിയായി ഭാസിയും കാമുകനായി നസീറും കാമുകിയായി വിജയനിർമ്മലയും, വില്ലനായ എം എന്നായി പി ജെ ആന്റണിയും വേഷമിട്ടു.
താമസമെന്തേ വരുവാൻ, പൊട്ടാത്ത പൊന്നിൻ കിനാവുകൊണ്ടൊരു .... ,.. അനുരാഗ മധു ചഷകം . അറബിക്കടലൊരു മണവാട്ടി ... ഏകാന്തത യുടെ അപാര തീരം, പൊട്ടിത്തകർന്ന കിനാവു കൊണ്ടൊരു...എന്നിങ്ങനെ പി ഭാസ്‌കരൻ മാസ്റ്റർ രചിച്ച അതിമനോഹരമായ ഗാനങ്ങൾ ക്ക് എം എസ് ബാബു രാജ് സംഗീതം നല്കി. മനോഹരങ്ങളായ ആ ഗാനങ്ങൾ ഇന്നും മലയാളികളുടെ മനസിൽ ഒളിമങ്ങാതെ നിലകൊള്ളുന്നു..
പുറത്തിറങ്ങിയിട്ട് അമ്പതു വർഷം കഴിഞ്ഞിട്ടും ഈ സിനിമ ഇന്നും മലയാളസിനിമാലോകത്തെ ഒരത്ഭുതം തന്നെ .....

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും