മാൽക്കം എക്സ്.


...وَٱللَّهُ يَهۡدِي مَن يَشَآءُ إِلَىٰ صِرَٰطٖ مُّسۡتَقِيمٍ

 "അല്ലാഹു താന്‍ ഇഛിക്കുന്നവരെ നേർമാർഗ്ഗത്തിലേക്ക് നയിക്കുന്നു."

പതിനഞ്ച് ദിവസത്തേക്കായിരുന്നു വനവാസം. 
ഇനിയും ദിവസം നാല് ബാക്കി. പോരുമ്പോൾ രണ്ട് പുസ്തകങ്ങൾ കരുതിയിരുന്നു.  മൂന്നിലൊന്ന് വായിച്ചു തീർന്ന മാൽക്കം എക്സിന്റെ ആത്മ കഥയും കെപി രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകവും. രണ്ടും  കനപ്പെട്ട പുസ്തകങ്ങൾ. വായനക്ക് പണ്ടത്തെയത്ര ഉത്സാഹം കിട്ടുന്നില്ലെങ്കിലും ഒരു കൈനോക്കാമല്ലോ...
മാൽക്കം എക്സിന്റെ കഥയാണ് ആദ്യം വായിച്ചു തീർത്തത്. പുസ്തകം എന്നെ ഹാഠാതാകർഷിച്ചു. പരിഭാഷയുടെ പ്രശ്നങ്ങൾ കുറേശ്ശെ ഉണ്ടെങ്കിലും  വായിക്കുന്നവനെ പിടിച്ചിരുത്തുന്ന ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് കോപ്പി അമേരിക്കയിൽ ബെസ്റ്റ് സെല്ലറായതിൽ അതിശയമില്ല...

ബാപ്റ്റിസ്റ്റ് സുവിശേഷകൻ ഏൽ ലിറ്റിലിന്റേയും ലൂയിസ് ലിറ്റിലിന്റെയും എട്ട് മക്കളിൽ നാലാമനായ മാൽക്കം തീർത്തും അരക്ഷിതമായ ഒരു ബാല്ല്യമാണ് അനുഭവിച്ചത്. പിതാവ് കൊല്ലപ്പെടുകയും മാതാവ് ഭ്രാന്താശുപതിയിൽ അടക്കപ്പെടുകയും ചെയ്തു. തുടർന്ന് സ്കൂൾ ഉപേക്ഷിച്ച മാൽക്കം ചെറുപ്പത്തിലേ നാടു വിട്ട് പല ജോലികളിൽ ഏർപ്പെട്ട് താന്തോന്നിയായി ജീവിക്കാൻ തുടങ്ങി. 
നൃത്ത ശാലകളിലെ സഹായി, ഷൂ പോളീഷർ, തീവണ്ടിയിലെ ഭക്ഷണവിതരണക്കാരൻ തുടങ്ങി ചെറിയ ജോലികൾ ചെയ്തിട്ടൊടുവിൽ മയക്കുമരുന്ന് കച്ചവടക്കാരനും തെരുവ് ഗുണ്ടയും ഭവനബേധകനും ഒക്കെയായി അധപ്പതിക്കുന്നു.  അമേരിക്കയിലെ തന്റെ വർഗ്ഗക്കാരോട് വെള്ളക്കാർ ചെയ്യുന്ന കടുത്ത അനീതിയോടുള്ള അടങ്ങാത്ത എതിർപ്പും താനനുഭവിച്ച അരക്ഷിത ബാല്യവും ഒക്കെയായിരിക്കാം ഒരു പക്ഷേ അയാളെ ഒരു സാമൂഹ്യ ദ്രോഹിയും നിയമ ലംഘകനുമൊക്കെയാക്കി മാറ്റിയത്. ഏതായാലും കുത്തഴിഞ്ഞ ജീവിതത്തിന്റെ സ്വാഭാവികമായ പരിണിതികൾക്കൊടുവിൽ നിയമത്തിന്റെ പിടിയിലായ മാൽക്കം പത്ത് വ്സ്ർഷത്തെ തടവ് വിധിക്കപ്പെട്ട് ജയിലിൽ എത്തപ്പെടുന്നു... 
മാൽക്കം തടവിലായിരുന്ന കാലത്ത് മാൽക്കത്തിന്റെ സഹോദരിയും സഹോദരന്മാരും അമേരിക്കയിലെ എലിജാമുഹമ്മദ് എന്നയാളുടെ നേതൃത്വത്തിലുള്ള നാഷൺ ഓഫ് ഇസ്ലാം എന്ന സംഘത്തിൽ ചേർന്നിരുന്നു. ഇവരുമായുള്ള സമ്പർക്ക ഫലമായി മാൽക്കവും ആ വിശ്വാസം കൈക്കൊണ്ടു. 
അലീജാ മുഹമ്മദിന്റെ അനുയായികൾ മുസ്ലിംകളായി അറിയപ്പെട്ടിരുന്നു എങ്കിലും ഇവരുടെ വിശ്വാസ ആചാരങ്ങളെല്ലാം ഇസ്ലാം മതത്തിന്റേതിൽ നിന്നും തീർത്തും വ്യത്യസ്തമായിരുന്നു. എലിജാമുഹമ്മദ് അവർക്ക് ദൈവദൂതനായിരുന്നു. അദ്ദേഹത്തിന്റെ തോന്നലുകൾ ദൈവ കല്പനകളാണ് എന്ന് അവർ വിശ്വസിച്ചു...
നോർഫോക്ക് ജയിലിൽ വെച്ച് അവിടത്തെ വിപുലമായ വായനശാല ഉപയോഗപ്പെടുത്തി മാൽക്കം വിജ്ഞാന സമ്പാദനത്തിൽ മുഴുകി. കൂടതെ തപാൽ മാർഗ്ഗം ഇംഗ്ലീഷ് ഭാഷ പഠിക്കുകയും ചെയ്യുകയുണ്ടായി.‌ അങ്ങനെ തെരുവു ഗുണ്ടയും തസ്കരനുമായി കാരാഗൃഹത്തിൽ പ്രവേശിച്ച മാൽക്കം അറിവും പക്വതയും നേടിയ വഗ്മിയും എലിജാ മുഹമ്മദിന്റെ പ്രബോധകനുമായി പുറത്തിറങ്ങി. പണ്ടുണ്ടായിരുന്ന അധാർമ്മികതകളിൽ നിന്നെല്ലാം മുക്തനായ മാൽക്കം. അതോടെ മാൽക്കം ലിറ്റിൽ മാൽക്കം എക്സ് ആയി അറിയപ്പെടാൻ തുടങ്ങി. വെള്ളക്കാർ നൽകിയ കുടുംബപ്പേരുകൾ മാറ്റുക നാഷൺ ഓഫ് ഇസ്ലാം അംഗങ്ങളുടെ പതിവായിരുന്നു. അപ്പോഴും വെളുത്തവരോടുള്ള മാൽക്കത്തിന്റെ വെറുപ്പിന് ഒരു കുറവും ഉണ്ടായിരുന്നില്ല. വെള്ളക്കാർ പിശാചുക്കളാണ് എന്ന് തന്നെയായിരുന്നു എലിജാമുഹമ്മദിന്റെയും അദ്യാപനം...
 തുടർന്നങ്ങോട്ട് പന്ത്രണ്ടു വർഷത്തോളം മാൽക്കം അലിജാക്ക് വേണ്ടി അത്മാർത്ഥമായി പണിയെടുത്തു. തന്റെ കുടുംബത്തിനു വേണ്ടി ഒന്നും അദ്ദേഹം സമ്പാദിച്ചില്ല. യാത്രക്കൂലിയും ദൈനംദിന ചിലവുകൾക്കുള്ള ചെറിയൊരു തുകയും മാത്രമേ  അദ്ദേഹം കൈപ്പിറ്റിയുരുന്നുള്ളൂ. അങ്ങനെ സംഘടനക്ക് അമേരിക്കയിൽ വലിയ വളർച്ചയുണ്ടായി.‌ വിരലിലെണ്ണാവുന്ന അംഗങ്ങളും കുറച്ച് പള്ളികളുമായി പ്രവർത്തിച്ചിരുന്ന നാഷൺ ഓഫ് ഇസ്ലാം ലോകം മുഴുവൻ ശ്രദ്ധിക്കുന്ന വലിയൊരു സംഘടനയായി. എലിജായുടെ ഒന്നാമനും മനസ്സാക്ഷി സൂക്ഷിപ്പുകാരനും ഒക്കെയായി മാറിയ മാൽക്കം വളരെ പതുക്കെ ഒരു കാര്യം മനസ്സിലാക്കിയിരുന്നു. തനിക്കെതിരെ അസൂയയാൽ പ്രചോദിതമായ ഒരു ഉപചാപം വളർന്നു വരുന്നൂ എന്ന സത്യം. അതയാളെ അസ്വസ്ഥനാക്കിയെങ്കിലും അതിനെ തടയിടാൻ ഒരു ശ്രമവും അയാൾ നടത്തിയില്ല. താൻ നേതാവിനു വേണ്ടി മരിക്കാൻ പോലും തയ്യാറാണെന്ന സത്യം അലിജാക്ക് തന്നെ അറിയാമെന്ന ധാരണയിലായിരുന്നു മാൽക്കം. പക്ഷേ അദ്ദേഹത്തിന് തെറ്റിപ്പോയി. പ്രസിഡന്റ് കെന്നഡി യുടെ വധത്തിന് ഒരാഴ്ച മുമ്പ് അദ്ദേഹം അമേരിക്കൻ ഭരണകൂടത്തിനെതിരെ നടത്തിയ വാളെടുത്തവൻ വാളാൽ എന്ന പ്രസ്ഥാവനയുടെ പേരിൽ മാൽക്കം സംഘടനയിൽ നിന്ന് മാറ്റി നിർത്തപ്പെടുകയും സംഘടയുടെ പേരിൽ സംസാരിക്കുന്നത് വിലക്കപ്പെടുകയും ചെയ്തു. അനുസരണയോടെ മാൽക്കം കഴിഞ്ഞുകൂടവേയാണ് ദൈവദൂതൻ എന്നവകാശപ്പെട്ടിരുന്ന നേതാവിനെതിരെ ലൈംഗികാരോപണം പുറത്തു വന്നത്.‌ തന്റെ നേതാവിന്റെ രണ്ടു സെക്രട്ടറിമാർ തങ്ങളുടെ കുഞ്ഞുങ്ങളുടെ പിതാവ് എലിജാമുഹമ്മദാണ് എന്ന് ആരോപിക്കുകയായിരുന്നു.  സദാചാരനിഷ്ടയിൽ കണിശക്കാരനായിരുന്ന മാൽക്കം സത്യം നേരിട്ടറിയാൻ അലിജായേ സന്ദർശിച്ചു. ഒട്ടും തൃപ്തികരമല്ലാത്ത മറുപടിയാണ് അദ്ദേഹത്തിന് ലഭിച്ചത്. അലിജാ ആരോപണം നിഷേധിക്കണം എന്നാഗ്രഹിച്ച മാൽക്കത്തിന് ബൈബിളിലെ ലൂത്തിന്റെയും ദാവീദിന്റേയും ചരിത്രം വെച്ച് തന്റെ ലൈംഗിക സദാചാര ലംഘനത്തെ ന്യായീകരിക്കയും ഇതത്രയും പ്രവചനങ്ങളുടെ പൂർത്തീകരണമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്ത നേതാവിനെയാണ് അഭിമുഖീകരിക്കേണ്ടി വന്നത്....
അതിനിടെ താൻ തന്റെ സംഘടനയിലുള്ളവരാൽ തന്നെ വധിക്കപ്പെടാൻ സാദ്ധ്യത്യുണ്ട് എന്ന വിവരം അതിനായി ഏല്പിക്കപ്പെട്ടവരിൽ നിന്നു തന്നെ മാൽക്കം അറിയുന്നുണ്ട്. മരണം അദ്ദേഹത്തിനൊരു പ്രശ്നമായിരുന്നില്ല എങ്കിലും അതിന് ഏല്പിച്ചതാരാണെന്നും ആരെയൊക്കെയാണെന്നും ഒക്കെയുള്ള അറിവ് അദ്ദേഹത്തെ വളരെ വേദനിപ്പിച്ചു...
ഇനിയും ഇയാളുകീഴിൽ കഴിയുന്നതിൽ അർത്ഥമില്ല എന്ന് തിരിച്ചറിഞ്ഞ മാൽക്കം വലിയ ആശയക്കുഴപ്പത്തിലായി. വന്ന വഴിയിലേക്ക് തിരിച്ച് പോക്ക് അസാദ്ധ്യമെന്ന് ഉറപ്പായിരിക്കേ തന്റെ ലക്ഷ്യം തെറ്റിയിരിക്കുന്നൂ എന്ന് തിരിച്ചറിയേണ്ടി വരുന്ന ഒരു സത്യാനേഷിയുടെ വിഹ്വലത. ഇവിടെയാണ് അദ്ദേഹത്തിന് അല്ലാഹു വിൽ നിന്നുള്ള മാർഗ്ഗ ദർശനം ലഭിക്കുന്നത്. "അല്ലാഹു അവനുദ്ദേശിക്കുന്നവരെ നേർവഴിക്ക് നയിക്കുന്നു." പെട്ടന്നദ്ദേഹത്തിന് മക്ക സന്ദർശിക്കണം എന്ന് ആഗ്രഹമുദിക്കുന്നു. കയ്യിലാണെങ്കിൽ പണവുമില്ല. അങ്ങനെ അദ്ദേഹം തനിക്കെപ്പോഴും അഭയമായിരുന്ന തന്റെ മൂത്ത സഹോദരി എല്ലയെ സമീപിക്കുന്നു. എല്ല തന്റേടിയും ബുദ്ധിമതിയുമായ എല്ലയെ നാഷൻ ഓഫ് ഇസ്ലാമിലേക്ക് കൊണ്ടു വന്നത് മാൽക്കമായിരുന്നു. പിന്നീട് അവർ എലിജായോടുള്ള അഭിപ്രായ വ്യത്യാസം മൂലം സംഘടന ഉപേക്ഷിക്കുകയും യാഥാർത്ഥ ഇസ്ലാമിനെക്കുറിച്ച് പഠിച്ച് തുടങ്ങുകയും ചെയ്തു. അവർ ഒരു അറബിക്ക് സ്കൂൾ നടത്തിയിരുന്നു. മാൽക്കത്തിന്റെ പ്രശ്നങ്ങളെല്ലാം അവർക്ക് വ്യക്തമായി അറിയാമായിരുന്നു. എനിക്ക് മക്കയിലേക്ക് പോകണം എന്ന അനുജന്റെ ആഗ്രഹം കേട്ടപാട് അതിന് നിനക്കെത്ര പൈസവേണം എന്നായിരുന്നു അവരുടെ ചോദ്യം....

ഹജ്ജ് യാത്രക്ക് മുമ്പ് അമേരിക്കൻ പുതു മുസ്ലിംകൾ  അമേരിക്കയിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനായ മുഹമ്മദ് യൂസഫ് ശാവർബിയിൽ നിന്നും സാക്ഷ്യപത്രം വാങ്ങേണ്ടതുണ്ടായിരുന്നു. അതിനായി മാൽക്കം അദ്ദേഹത്തെ വിളിച്ചു.  അല്ലാഹുവിന്റെ സഹായം‌ തനിക്കുണ്ടെന്ന തിരിച്ചറിവിന്റെ തുടക്കം...ശാവർബി മാൽക്കത്തെ വിളിക്കാനിരിക്കയായിരുന്നു. അദ്ദേഹത്തിനു നൽകാനായി പ്രസിദ്ധ അറബ് ഗ്രന്ഥകാരനും നയതന്ത്രജ്ഞനുമായ അബ്ദുറഹ്മാൻ അഅ്സം അയച്ചുകൊടുത്ത മുഹമ്മദിന്റെ അനശ്വര സന്ദേശം എന്ന പുസ്തകം കൊടുക്കാൻ. ഹജ്ജിനു പോകാനുള്ള സമ്മത പത്രവും പ്രസ്തുത പുസ്തകവും അദ്ദേഹം മാൽക്കമിന് നൽകി...കൂടെ കൈറോയിലുള്ള സ്വന്തം മകന്റെയും, ജിദ്ദയിലുള്ള  അബ്ദുറഹ്മാൻ അഅ്സമിന്റെ മകൻ ഉമറിന്റേയും ഫോൺ നമ്പറുകളും....
അങ്ങനെ പെങ്ങൾ കൊടുത്ത പണവും കൊണ്ട് മാൽക്കം മക്കയിലേക്ക് വിമാനം കയറി. യഥാവിധി നമസ്കരിക്കാൻ പോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു.‌ അതുകൊണ്ടുതന്നെ മക്കയിലേക്ക് പ്രവേശനാനുമതിക്ക് വിഘാതം നേരിട്ടു. അപ്പോഴാണ് ശാവർബി നൽകിയ ഫോൺ നമ്പറുകൾ അദ്ദേഹത്തിന് ഉപകരിച്ചത്..ജിദ്ദയിലുള്ള ഉമർ ആഅ്സമിനെ അദ്ദേഹം വിളിച്ച്. പിന്നെയെല്ലാം വളരെ സുഗമമായിരുന്നു. അമേരിക്കയിൽ ഒരു കറുത്തമനുഷ്യന് ഒരിക്കലും പ്രാപ്യമല്ലാത്ത സ്നേഹാദരവുകൾ അദ്ദേഹത്തിന് ലഭിച്ചു. വർണ്ണ ദേശ ഭാഷ വ്യത്യാസങ്ങൾക്കതീതമായ ഇസ്ലാമിക സാഹോദര്യം അനുഭവിച്ചറിയാൻ അദ്ദേഹത്തിന് അവസരമുണ്ടായി...ആ യാത്രയിലും തുടർന്നും ഉണ്ടായ ഹൃദയസ്പൃക്കായ അനുഭവങ്ങളാണ് പേരുകൊണ്ട് മാത്രം മുസ്ലിമായിരുന്ന മാൽക്കം എക്സിനെ മാലിക്ക് ശഹ്ബാബാക്കി പരിവർത്തിപ്പിച്ചത്. കറുത്തവരോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിൽ വലിയ പരിവർത്തനം സംഭവിച്ചു... മക്കയിലേക്ക് വന്ന മാൽക്കം മടങ്ങിയത് മാലിക്ക് ശഹ്ബാബായി മാറിയിട്ടായിരുന്നു. മാറ്റം പേരിൽ മാത്രം ഒതുങ്ങിയിരുന്നില്ല. അത് സമൂലമായ പരിവർത്തനമായിരുന്നു. ഏറ്റവും പ്രധാനം വംശീയത മനുഷ്യനെ നാശത്തിലേക്കേ നയിക്കൂ എന്ന തിരിച്ചറിവായിരുന്നു. തന്റെ മനസിൽ സ്ഥാപിതമായിരുന്ന വംശീയതയുടെ സ്ഥാനത്ത് മാനുഷികത സ്ഥപിക്കപ്പെട്ടു... 
ഹജ്ജിനെത്തുടർന്ന് അദ്ദേഹം പല രാഷ്ട്രങ്ങളും സന്ദർശിക്കുകയുണ്ടായി. തന്റെ പുതിയകണ്ടെത്തലുകൾ ആകാവുന്നേടത്തോളം അദ്ദേഹം പങ്കുവെച്ചു. ഇസ്ലാമിനെ ഒരുമനുഷ്യാവകാശ പ്രസ്ഥാനമായി അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. 
ആഫ്രോ അമേരിക്കന്മാരെ സഘടിപ്പിച്ച് മനുഷ്യാവകാശ സംരക്ഷണത്തിനുള്ള പോരാട്ടം ശക്തമാക്കാനുള്ള പ്രവർത്തനങ്ങളുമായി അദ്ദേഹം മുന്നോട്ട് പോയി. 
ഇതൊക്കെ നടക്കുമ്പോൾ മാൽക്കത്തെ ഇല്ലായ്മ ചെയ്യാനുള്ള ആലോചനകളും പുരോഗമിക്കുകയായിരുന്ന വെള്ളക്കാർക്കിടയിലും‌ കറുത്തവർക്കിടയിലും അദ്ദേഹത്തെ അനഭിമതനാക്കാനും ശ്രമംനടക്കുന്നുണ്ടായിരുന്നു. അവസാനം 1965 ഫെബ്രുവരി 21 ന് ന്യൂയോർക്കിൽ ഒരു പ്രസംഗ വേദിയിൽ വെച്ച് അദ്ദേഹം അക്രമിയുടെ വെടിയേറ്റ് രക്തസാക്ഷിയായി....

അരക്ഷിതമായ ബാല്ല്യം...
താന്തോന്നിയായ കുറ്റവാളിയുടെ കൗമാരം...
തടവറയിലെ സത്യാന്വേഷണത്തിന്റെ യൗവ്വനം...
പിന്നെ ... 39 ആം വയസ്സിൽ ഐതിഹാസികമായ അന്ത്യം 
അതാണ് മാൽക്കം എക്സ്...

يَهۡدِي بِهِ ٱللَّهُ مَنِ ٱتَّبَعَ رِضۡوَٰنَهُۥ سُبُلَ ٱلسَّلَٰمِ وَيُخۡرِجُهُم مِّنَ ٱلظُّلُمَٰتِ إِلَى ٱلنُّورِ بِإِذۡنِهِۦ وَيَهۡدِيهِمۡ إِلَىٰ صِرَٰطٖ مُّسۡتَقِيمٖ

സർവ്വേശ്വരൻ തന്‍റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിന്‍റെ വഴികളിലേക്ക് നയിക്കുന്നു. തന്‍റെ ഉത്തരവ് മുഖേന അവരെ അന്ധകാരങ്ങളില്‍ നിന്ന് അവന്‍ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് 
നയിക്കുകയും ചെയ്യുന്നു...



മാൽക്കം എക്സ് 
ബുക്ക് ബൈ അലക്സ് ഹാലി


.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

ദ കിഡ്