കടൽ പാലം


വാശിക്കാരനായ അച്ഛനും അത് വിലവെക്കാത്ത മകനും
ഇന്നലെ ഞാനൊരു സിനിമ കണ്ടു. കടൽ പാലം. മക്കളെ അനുസരിച്ച് പ്രീണിപ്പിക്കാൻ ശ്രമിക്കുന്ന ഒരു തലമുറയുടെ കാലത്തുനിന്നുകൊണ്ട് അങ്ങകലെ മക്കളെ അനുസരിപ്പിച്ച് അടക്കി ഭരിച്ചിരുന്ന കാലത്തെ ഒരു പിതാവിന്റെയും മക്കളുടേയും കഥ ആകാലത്തിന്റെ പ്രതി നിധിയായ എന്നിൽ കൗതുകയും ഗൃഹാതുരത്തവും ഉണർത്തി എന്ന് പ്രത്യേകം പറയേണ്ട തില്ലല്ലോ ?...
 ജ്യേഷ്ഠനും അനുജനും     
 യജമാനനും ഭൃത്യനും
ഉഗ്രപ്രതാപിയും ദുരഭിമാനിയുമായ കൈമൾ വക്കീലും(സത്യൻ) മക്കളും അടങ്ങുന്ന കുടുംബം. അച്ഛന്റെ കാഴ്ച നഷ്ടപ്പെട്ട് ആശുപത്രിയിൽ നിന്നും തിരിച്ചെത്തുന്നേടത്താൺ കഥതുടങ്ങുന്നത്. മക്കളെ സ്വകാര്യ സ്വത്തുപോലെ കരുതി അടക്കി ഭരിക്കുന്ന അദ്ദേഹത്തിന്ന് മൂന്നുമക്കൾ മൂത്തവൻ രഘു(സത്യൻ). അച്ഛനെ ധിക്കരിക്കാൻ കിട്ടുന്ന ഒരവസരവും മൂപ്പർ പാഴാക്കുന്നില്ല. തന്റെ ഇഷ്ടത്തിന്നു വിപരീതമായി വിവാഹം കഴിപ്പിച്ചതിന്റെ വെറുപ്പ് അവസരം കിട്ടുമ്പോഴെല്ലാം പ്രകടിപ്പിക്കുന്ന നിഷേധിയായി അദ്ദേഹം വിലസുന്നു. അച്ഛൻ നിർബന്ധിച്ച് വിവാഹം വിവാഹം കഴിപ്പിച്ച തന്റെ നിഷ്കളങ്കയായ ഭാര്യയെ ഉള്ളുകൊണ്ട് ഇഷ്ടമായിട്ടും ആസ്നേഹം ഭാര്യയോട് പ്രകടിപ്പിക്കാൻ അയാൾക്ക് കഴിയുന്നില്ല. തന്നെ ഏല്പിച്ച ഓട്ടുകമ്പനിയിൽ അച്ഛന്റെ ഹിതത്തിന്നു വിപരീതമായി തൊഴിലാളികൾക്ക് അധിക ബോണസ് നല്കുക ആനുകൂല്ല്യങ്ങൾ നല്കുക തുടങ്ങിയ തന്നിഷ്ടം നടപ്പാക്കിക്കൊണ്ടാണ്‌ അയാൾ തന്റെ എതിർപ്പ് പ്രകടിപ്പിക്കുന്നത്. ജേഷ്ടന്റെ സ്വഭാവത്തിന്ന് നേർവിപരീതമായി സർവ്വകാര്യങ്ങളിലും അച്ചന്റെ ഹിതം മാത്രം നോക്കി ജീവിക്കുന്ന അനുജൻ പ്രഭാകരൻ (കെ പി ഉമ്മർ) ഇദ്ദേഹവും ഒരു വക്കീലാണ്‌. ബംഗ്ലാവിലെ കാര്യസ്ഥന്റെ കൾ സരള(ഷീല) യുമായി അയാൾ പ്രേമത്തിലാണ്. പിന്നെ അച്ഛനെ ഭയപ്പെട്ട് ഒതുങ്ങിക്കഴിയുന്ന മകൾ( ജയഭാരതി). ഇവർക്കിടയിൽ എല്ലാവരുടെയും ഹിതം നോക്കാൻ പാടുപെടുന്ന വേലക്കാരൻ അപ്പു (ബഹദൂർ).
വക്കീലിന്റെ ബംഗ്ലാവിന്റെ അടുത്ത വീട്ടിൽ അദ്ദേഹത്തിന്റെ പഴയ ഡ്രൈവറുടെ ഭാര്യ ഖദീജ. വക്കീലിന്റെ ഒരു കൈപ്പിഴ സ്വയം ഏറ്റെടുത്ത ജയിലിൽ പോയ അയാൾ അവിടെ വെച്ച് മരിക്കുകയായിരുന്നു. ഖദീജക്ക് മക്കളും ഇല്ല. ആകെയുള്ളത് അവർ എടുത്ത് വളർത്തിയ മുരളി
(പ്രേംനസീർ). മാത്രമാണ്‌. ഒരു ഹിന്ദു വായതുകൊണ്ട് അവന്ന് ആരും പെണ്ണു കൊടുകുകയില്ല എന്നതാണ്‌ അവരുടെ ദുഖം.
ഇവരുടെയൊക്കെ ആത്മ സംഘർഷങ്ങളുടെ കഥയാണ്‌‌ കടൽ പാലം. ഒരു സുപ്രഭാതത്തിൽ വക്കീലിന്നു കാഴ്ച തിരിച്ചു കിട്ടുന്നു. അപ്പോഴേക്കും കുടുംബത്തിലെ സ്ഥിതി കാണേണ്ടതില്ലാത്ത സ്ഥിതിയിലേക്ക് മാറീക്കഴിഞ്ഞിരുന്നു. രഘു വീടു വിട്ടിറങ്ങി. ഖദീജയുടെ വീട്ടിൽ താമസമായി. അച്ഛൻ തന്റെ പെങ്ങളെ കമ്പനി മേനേജറുടെ എസ് ഐ ആയ മകന്ന് വിവാഹം കഴിച്ചുകൊടുക്കാൻ തീരുമാനിച്ചു എന്നറിഞ്ഞ രഘു അവളെ ഖദീജയുടെ മകൻ മുരളിക്ക് രജിസ്റ്റർ വിവാഹം ചെയ്തു കൊടുക്കുന്നു. അന്നാണ്‌‌ അച്ഛന്റെ കാഴ്ച തിരിച്ചു കിട്ടുന്നത്. മകളെ കാണാൻ ശാഠ്യം പിടിച്ച അച്ഛന്റെ മുന്നിലേക്ക് അദ്ദേഹത്തിന്ന് കാഴ്ചതിരിച്ചുകിട്ടിയതറിയാതെ പ്രഭാകരൻ തന്റെ കാമുകി സരളയെ കൊണ്ടു വന്ന് അവളെക്കൊണ്ട് നൃത്തം ചെയ്യിക്കുന്നു. ഇത് കൈമളെ ക്രുദ്ധനാക്കുന്നു. പക്ഷേ കണ്ട ഭാവം നടിക്കാതെ കൈമൾ പല തീരുമാനവുമെടുക്കുന്നു. തന്റെ ഹിതമനുസരിക്കാത്ത മക്കളെ ഏതു വിധേനയും തോല്പിക്കുക എന്നതായി പിന്നെ അദ്ദേഹത്തിന്റെ വാശി.
രഘുവിൽ നിന്നും കമ്പനി ഒഴിപ്പിച്ചെടുക്കാൻ കേസു കൊടുക്കുന്നു. സരളയെ എസ് ഐ യെക്കൊണ്ടു വിവാഹം കഴിപ്പിക്കാൻ ഏർപ്പാടാക്കുന്നു. പ്രഭാകരൻ നിസ്സഹായനാകുന്നു. എന്തു വന്നാലും അച്ഛനെ ധിക്കരിക്കില്ല എന്നദ്ദേഹം ശപഥം ചെയ്യുന്നു.
കാലം വക്കീലിന്നെതിരായിരുന്നു. കേസിൽ അദ്ദേഹം തോറ്റു പോയി. പ്രഭാകരന്റെ തകർച്ച അദ്ദേ ഹത്തെ വേദനിപ്പിച്ചു. വീടൊഴിഞ്ഞു പോകാൻ പറയാൻ വേണ്ടി വിളിപ്പിച്ച ഖദീജയുടെ വാക്കുകളും അദ്ദേഹത്തിന്റെ മനസ്സിൽ തട്ടുന്നു. കേസ് ജയിച്ചിട്ടും കമ്പനി തനിക്ക് വിട്ടുതരാൻ തയ്യാറായ മൂത്ത മകന്റെ പെരുമാറ്റം വക്കീലിനെ സ്പർശിച്ചു. ഇനി ഒരു മടക്കം സാദ്ധ്യമാല്ലാത്ത അറ്റമില്ലാത്ത കടൽ പാലത്തിലൂടെയാണ്‌ താൻ സഞ്ചരികുന്നത് എന്ന് തിരിച്ചറിയുന്ന കൈമൾ വക്കീൽ ഹൃദായാഘാതം വന്നു മരിക്കുന്നേടത്ത് കഥാവസാനിക്കുന്നു.
ഇന്നത്തെ തലമുറക്ക് ഈ പടം ആസ്വദിക്കാൻ കഴിയുമോ എന്നറിയില്ല. ഏതായാലും എനിക്ക് പണ്ട് കണ്ടപ്പോഴത്തേക്കാൾ ഹൃദ്യമായിത്തോന്നി.
അച്ഛന്റെ യും മൂത്ത മകന്റെയും റോളുകളിൽ സത്യൻ എന്ന അഭിനയ ചക്രവർത്തി നിറഞ്ഞാടുന്നു. മുരളിയായി അന്നത്തെ നിത്യ ഹരിത നായകൻ നസീർ പ്രഭാകരനായി പ്രഗദ്ഭനായ  കെ പി ഉമ്മർ കൂടെ ബഹദൂർ, ഭാസി, ശങ്കരാടി, ഗോനിന്ദൻ കുട്ടി ഷീല ജയഭാരതി അടൂർ ഭവാനി തുടങ്ങിയവരും.  ഭാവാഭിനയത്തിൽ ഓരോരുത്തരും മത്സരിക്കുന്ന കാഴ്ച. കെ ടി മുഹമ്മദിന്റെ കഥയും തിരക്കഥയും വയലാർ രചിച്ച് ദേവരാജൻ സംഗീതം നല്കിയിരിക്കുന്ന ഗാനങ്ങൾ യേശുദസ് പി ലീല വസന്ത ബാല സുബ്രമണ്യം എന്നിവർ ആലപിച്ചിരിക്കുന്നു. അന്നത്തെ സംവിധായകരിൽ പ്രമുഖനായിരുന്ന കെ എസ് സേതുമാധവന്റെ സംവിധാനം. മൊത്തത്തിൽ കൊള്ളാം ഒഴിവുള്ളവർ ഒന്നു കണ്ടു നോക്കൂ യൂ ട്യൂബിൽ കിട്ടും

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മുസ്തഫാ അക്കാദ്

മാൽക്കം എക്സ്.

കാക്കയും കുയിലും